മൗറീഷ്യന്‍ ദ്വീപിലേക്ക്‌ അഡ്വ. ടി.ബി. സെലുരാജ്‌-

KERALAINDIAWORLDSPECIAL
മലബാറിലെ തടവറകളില്‍നിന്ന് മൗറീഷ്യന്‍ ദ്വീപിലേക്ക്‌

അഡ്വ. ടി.ബി. സെലുരാജ്‌

ഇന്ത്യന്‍ ജയിലുകള്‍ മുഴുവന്‍തന്നെ ഒരു ഏജന്‍സിയുടെ കീഴില്‍ വരികയും കേരളത്തിലെ കുറ്റവാളികളെ മറ്റ് സംസ്ഥാനങ്ങളിലെ ജയിലുകളിലേക്കും അവിടെയുള്ളവരെ നമ്മുടെ ജയിലുകളിലേക്കും മാറ്റപ്പെടേണ്ടതായ കാലം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍
മാത്രമേ പ്രാദേശിക രാഷ്ട്രീയ ധാര്‍ഷ്ട്യത്തില്‍നിന്ന് നമ്മുടെ പാവം ജയിലധികൃതര്‍ക്ക് മോചനം ലഭിക്കുകയുള്ളൂഎരക്ഷിതാവസ്ഥയുടെ ഈറ്റില്ലമായിരിക്കുന്നു കേരളത്തിലെ ജയിലുകള്‍. സംഘടിത ശക്തിക്കുമുന്നില്‍ പാവം ജയിലധികൃതരും മുട്ടുമടക്കുന്ന കാഴ്ചയാണിപ്പോള്‍ നാം കാണുന്നത്. രാഷ്ട്രീയക്കാരും അവരുടെ മനഃസാക്ഷി സൂക്ഷിപ്പുകാരുമായ വാടകക്കൊലയാളികളുംതന്നെ ഈ അരക്ഷിതാവസ്ഥയ്ക്ക് കാരണം. കമ്യൂണിസ്റ്റുകാരുടെ ജയില്‍, കോണ്‍ഗ്രസ്സുകാരുടെ ജയില്‍ എന്നൊക്കെ ജയിലുകളും വേര്‍തിരിച്ചിരിക്കുന്നുവത്രെ. ജയിലിലിപ്പോള്‍ പരമസുഖം തന്നെ; പ്രത്യേകിച്ചും വാടകക്കൊലയാളികള്‍ക്ക്. സുഭിക്ഷമായ ഭക്ഷണം, മൊബൈല്‍ ഫോണ്‍ ഉപയോഗം, ഉന്നതന്മാരുമായുള്ള ചങ്ങാത്തം..... അങ്ങനെ പോകുന്നു ഇന്നത്തെ ജയില്‍വാസം. ഇക്കൂട്ടരെ ഒരു കൊതുകോ മൂട്ടയോ കടിച്ചാല്‍ ചോദിക്കാനും പറയാനും ആളുകളുണ്ട്. നേതൃത്വനിരതന്നെ ജയിലിലേക്കോടിയെത്തും. വരുംതലമുറയോടാണ് നാം പാതകം ചെയ്യുന്നതെന്ന് ഒരു നേതാക്കന്മാരും ഓര്‍ക്കുന്നില്ല എന്നതാണ് ദുഃഖകരമായ അവസ്ഥ. കൊലപാതകങ്ങളെ ആഘോഷങ്ങളാക്കി മാറ്റുകയാണ് രാഷ്ട്രീയക്കാരും ചാനലുകാരും. 'ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം കസേര' എന്നായി മാറിയിരിക്കുന്നു പഴമൊഴി. ഇന്ത്യന്‍ ജയിലുകള്‍ മുഴുവന്‍തന്നെ ഒരു ഏജന്‍സിയുടെ കീഴില്‍ വരികയും കേരളത്തിലെ കുറ്റവാളികളെ മറ്റ് സംസ്ഥാനങ്ങളിലെ ജയിലുകളിലേക്കും അവിടെയുള്ളവരെ നമ്മുടെ ജയിലുകളിലേക്കും മാറ്റപ്പെടേണ്ടതായ കാലം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ മാത്രമേ പ്രാദേശിക രാഷ്ട്രീയ ധാര്‍ഷ്ട്യത്തില്‍നിന്ന് നമ്മുടെ പാവം ജയിലധികൃതര്‍ക്ക് മോചനം ലഭിക്കുകയുള്ളൂ. ബ്രിട്ടീഷ് ഭരണകാലത്ത് കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിച്ചിരുന്നു. വധശിക്ഷയ്ക്കുപുറമേ നാടുകടത്തലും ഒരു ശിക്ഷാവിധിയായിരുന്നു. മൗറീഷ്യന്‍ ദ്വീപിലേക്ക് മലബാറിലെ കുറ്റവാളികളെ നാടുകടത്തിയ രേഖകളാണ് എനിക്ക് മുന്നില്‍. അതിങ്ങനെ:

മൗറീഷ്യന്‍ ദ്വീപിലേക്ക് നാടുകടത്തിയ മലബാറിലെ തടവുകാരെക്കുറിച്ച് പറയുന്നതിനുമുമ്പ് മൗറീഷ്യന്‍ ദ്വീപിനെക്കുറിച്ച് നാം ചിലത് അറിഞ്ഞിരിക്കണമല്ലോ. ആള്‍താമസമില്ലാത്ത ഈ ദ്വീപിനെ 'അബാന്‍ഡന്റ് ദ്വീപ്' എന്നാണ് അറബ് കച്ചവടക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപിലേക്ക് 1598-ലാണ് ഡച്ചുകാര്‍ പ്രവേശിക്കുന്നത്. അവരിതിന് മൗറീഷ്യസ് എന്ന് പേരിട്ടു. ഹോളണ്ടിലെ ചീഫ് മജിസ്‌ട്രേട്ട് ആയിരുന്ന മൗറീഷ്യസ് മാന്‍ നോംസെ എന്ന വ്യക്തിയുടെ ബഹുമതിക്കായിട്ടാണ് ഇങ്ങനെ ഈ പേരിട്ടത്. 1638-ല്‍ കുടിയേറ്റം ചെറിയ തോതില്‍ നടന്നു. എന്നാല്‍, വെട്ടുകിളികളുടെ ശല്യവും ആവര്‍ത്തിച്ചുണ്ടാകുന്ന കൊടുങ്കാറ്റുകളും അടിമകളില്‍ അപ്രീതി ഉളവാക്കുകയും അവര്‍ ഒളിച്ചോടുകയും ചെയ്തു. അങ്ങനെ 1710-ല്‍ കുടിയേറിയവര്‍ ഒഴിഞ്ഞുപോകേണ്ടിവന്നു. 1715-ല്‍ ഫ്രഞ്ചുകാരുടെ കുടിയേറ്റം നടന്നു. അടിമകള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും കൊടുത്ത് പ്രോത്സാഹിപ്പിച്ചുകൊണ്ടായിരുന്നു അവര്‍ നീലം, കരിമ്പ്, പരുത്തി, പുകയില, എബണി എന്നിവ കൃഷി ചെയ്തിരുന്നത്. ഇതോടുകൂടി പോര്‍ട്ട് ലൂയീസ് എന്ന തുറമുഖ നഗരം ചുരുങ്ങിയ കാലംകൊണ്ട് അഭിവൃദ്ധിപ്പെട്ടു. തിയേറ്റര്‍, അങ്ങാടികള്‍, ആസ്പത്രികള്‍ എന്നിവ സ്ഥാപിക്കപ്പെട്ടു. 1763-ല്‍ ജനസംഖ്യ 18,777ആയിഉയര്‍ന്നു. ഇതില്‍ 15,000 പേര്‍ അടിമകളായിരുന്നു. എന്നാല്‍, ചുരുങ്ങിയ കാലംകൊണ്ട് ജനസംഖ്യയുടെ 80 ശതമാനം അടിമകളായി. ഇതില്‍ 87 ശതമാനം ആഫ്രിക്കയില്‍നിന്നും 13 ശതമാനം ഇന്ത്യയില്‍നിന്നുള്ളവരായിരുന്നു. 1810-ല്‍ ഒരേറ്റുമുട്ടലിനെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ മൗറീഷ്യസ് ദ്വീപ് പിടിച്ചടക്കി. കരിമ്പ് കൃഷിയുടെ നല്ലകാലമായിരുന്നു ഇത്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് അടിമകള്‍ ഇങ്ങോട്ട് ഒഴുകിയെത്തി. 1833 ജൂണ്‍ 12-ന് അടിമക്കച്ചവടം നിര്‍ത്തിയ വിളംബരം ബ്രിട്ടീഷ് പാര്‍ലമെന്റ് പുറപ്പെടുവിച്ചു. ഇതിനെത്തുടര്‍ന്ന് ഇന്ത്യയില്‍നിന്ന് തൊഴിലാളികളെ ഇറക്കുമതി ചെയ്തു. 1831-ല്‍
42,000 ഏക്കര്‍ മാത്രം കരിമ്പുകൃഷിയുണ്ടായിരുന്ന മൗറീഷ്യസില്‍ 1861-ല്‍ 1,29,000 ഏക്കര്‍ കരിമ്പുകൃഷിയായി മാറി. 1865-ല്‍ റെയില്‍വേ ലൈനും മൗറീഷ്യസ് ദ്വീപില്‍ സ്ഥാപിക്കപ്പെട്ടു. 1968 മെയ് 12-ന് മൗറീഷ്യസ് ദ്വീപ് ഒരു സ്വതന്ത്ര്യരാജ്യമായി പ്രഖ്യാപിക്കപ്പെട്ടു.

മൗറീഷ്യന്‍ ദ്വീപിലേക്ക് കരിമ്പുകൃഷിക്കായിട്ടാണ് 1825-ല്‍ മലബാറുകളിലെ ജയിലില്‍നിന്ന് കുറ്റവാളികളെ നാടുകടത്തപ്പെട്ടത്. 1825 ജൂണ്‍ മാസം 18-ാം തിയ്യതി വെസ്റ്റേണ്‍ ഡിവിഷന്‍ പ്രൊവിന്‍ഷ്യല്‍ കോര്‍ട്ട് ഓഫ് സര്‍ക്യൂട്ടിന് സര്‍ക്കാര്‍ രജിസ്ട്രാര്‍ ആയ ഹഡിസ്റ്റണ്‍ എഴുതിയ കത്തിങ്ങനെ: ''പടിഞ്ഞാറന്‍ തീരപ്രദേശത്തെ ജയിലുകളില്‍നിന്ന് 35 വയസ്സ് കവിയാത്ത തടവുപുള്ളികളെ മൗറീഷ്യന്‍ ദ്വീപിലേക്ക് കൊണ്ടുവരാന്‍ നാം തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ മൗറീഷ്യസിലേക്ക് വരുന്ന തടവു പുള്ളികളോടൊപ്പം അവരുടെ ഭാര്യമാരേയോ മറ്റ് സ്ത്രീ ബന്ധുക്കളെയോ താത്പര്യമെങ്കില്‍ കൂട്ടാവുന്നതാണ്. പക്ഷേ, സ്ത്രീകളെ നാമായിട്ട് നിര്‍ബന്ധിച്ചുകൂടാ. അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം വരാം. സര്‍ക്കാറിന്റെ ഈ തീരുമാനത്തെ ഫൗജിദാര്‍ അദാലത്ത് കോടതിയും ശരിവെക്കുന്നു. അടുത്തുതന്നെ ഫൗജിദാര്‍ അദാലത്ത് കോടതി സര്‍ക്കാറിന്റെ ഈ തീരുമാനത്തിന്റെ ഒരു പകര്‍പ്പ് താങ്കള്‍ക്ക് അയച്ചുതരുന്നതായിരിക്കും. ഈ തീരുമാനം ചിങ്കല്‍പ്പേട്ട് ജില്ലയില്‍ നാം നടപ്പാക്കിക്കഴിഞ്ഞു. പ്രസ്തുത ജഡ്ജിക്കയച്ചുകൊടുത്ത കല്പനയുടെ ഒരു പകര്‍പ്പ് മലബാറിലെ ജില്ലാ മജിസ്‌ട്രേട്ടിനുവേണ്ടി ഇതോടൊപ്പം അയയ്ക്കുന്നു.
''വെസ്റ്റേണ്‍ ഡിവിഷനില്‍ ഉള്‍പ്പെട്ട മലബാറിലെ കോടതികളില്‍ 'നാടുകടത്തലിന്' ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെ പൂര്‍ണ വിവരം ഉടനടി തയ്യാറാക്കുക. ഒട്ടും താമസിപ്പിക്കരുത്. ഇത്തരം തടവുപുള്ളികളുടെ പ്രായം 35 വയസ്സില്‍ കവിയരുത്. അവര്‍ ആരോഗ്യമുള്ളവരാണോ അല്ലയോ എന്ന് താങ്കള്‍ തീരുമാനിക്കേണ്ടതില്ല. അവരുടെ ഭാര്യമാരോ മറ്റുവല്ല സ്ത്രീകളോ ഇക്കൂട്ടരെ അനുഗമിക്കാന്‍ തയ്യാറാണെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരം മൗറീഷ്യന്‍ ദ്വീപിലേക്ക് വരാം. ഇത്തരത്തില്‍ തയ്യാറാകുന്ന സ്ത്രീകളുടെ വിവരവും താങ്കളുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കണം. ഇങ്ങനെ വരുന്ന സ്ത്രീകളേയും കുട്ടികളേയും നാം ബലം പ്രയോഗിച്ച് പണിയെടുക്കാന്‍ പ്രേരിപ്പിക്കുന്നതല്ല. സ്ത്രീകളുടെയും കുട്ടികളുടെയും ഭക്ഷണം, വേഷവിധാനം തുടങ്ങിയ വിഷയങ്ങളില്‍ നാം അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തുന്നതായിരിക്കും. എന്നാല്‍, തടവുപുള്ളികള്‍ അങ്ങേയറ്റം അധ്വാനിക്കേണ്ടതായുണ്ട്.''
ചിങ്കല്‍പേട്ടിലെ ജഡ്ജിക്ക് ഹഡില്‍സ്റ്റണ്‍ എന്ന രജിസ്ട്രാര്‍ അയച്ചുകൊടുത്ത കല്പനയുടെ പകര്‍പ്പും കാണുവാനിടയായി. അതിങ്ങനെ: ''താങ്കളുടെ ജില്ലയില്‍ ഏതൊക്കെ കോടതികളില്‍ എത്രപേരാണ് നാടുകടത്തലിന് വിധിയായിട്ടുള്ള തടവുപുള്ളികള്‍? കഠിനാധ്വാനം ചെയ്യാന്‍ ഇവരില്‍ എത്രപേര്‍ക്ക് കഴിയും? ഇവരില്‍ എത്രപേര്‍ക്കാണ് കൈത്തൊഴിലുകള്‍ അറിയുക? ആശാരി, മൂശാരി, കൊല്ലന്‍ എന്നിങ്ങനെ വേര്‍തിരിച്ചുതന്നെ പട്ടികയുണ്ടാക്കുക. കൂട്ടത്തില്‍ ആരുടെയൊക്കെ ഭാര്യമാരാണ് മൗറീഷ്യന്‍ ദ്വീപിലേക്ക് സ്വമനസ്സാലെ വരുവാന്‍ താത്പര്യം കാണിക്കുന്നത് എന്നതുകൂടി ചോദിച്ചറിയുക. ഭാര്യമാര്‍ക്കു പുറമേ മറ്റ് സ്ത്രീ ബന്ധുക്കളേയും താങ്കള്‍ക്ക് പരിഗണിക്കാം. ഇത്രയും വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞാല്‍ ക്രിമിനല്‍ ജഡ്ജിനോട് സമയം നഷ്ടപ്പെടുത്താതെ തടവുകാരെ താങ്കള്‍ക്ക് കൈമാറാന്‍ കല്പന പുറപ്പെടുവിക്കുക. ഒട്ടും അമാന്തിക്കരുത്. ഈ സന്ദേശത്തിന്റെ ഒരു പകര്‍പ്പ് അദ്ദേഹത്തിന് കൈമാറുകയും വേണം.''

മൗറീഷ്യന്‍ ദ്വീപ് ടൂറിസംമാപ്പില്‍ ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്നു. കരിമ്പുകൃഷിയാണ് ഇവിടുത്തെ മുഖ്യമായ കാര്‍ഷികവിള. എന്നാല്‍, ഈ വളര്‍ച്ചയുടെയൊക്കെ പിറകില്‍ മലബാറില്‍നിന്നുവന്ന തടവുപുള്ളികളുടെ അധ്വാനവും ഉണ്ടെന്നത് നാം വിസ്മരിച്ചുകൂടാ...
seluraj yahoo.com